Thursday, March 01, 2012

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു


വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. 

അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു. 

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.

നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. 'നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും' എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് 'ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ 'വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ' എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.




ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License